ജമ്മുകശ്മീരില്‍ ഭീകരാക്രമണം: നാല് പേര്‍ മരിച്ചു, പത്തുപേര്‍ക്ക് പരിക്ക്

ജമ്മുകശ്മീരില്‍ ഭീകരാക്രമണം: നാല് പേര്‍ മരിച്ചു, പത്തുപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് മരണം. രജൗരി സെക്ടറില്‍ ഇന്നലെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ മൂന്ന് പേരാണ് മരിച്ചത്. ഇന്നാണ് നാലാമത്തെയാളുടെ മരണം സ്ഥിരീകരിച്ചത്.

ഇദ്ദേഹം പ്രദേശവാസിയാണ്. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ധാംഗ്രി മേഖലയില്‍ വിവിധ സംഘടനകള്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പത്തോളം പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. ഇവരിലൊരാളാണ് ഇന്ന് രാവിലെ മരിച്ചത്. പരിക്കേറ്റ മറ്റുള്ളവര്‍ രജൗരിയിലെ ആശുപത്രിയില്‍ തന്നെയാണ് ചികിത്സയിലുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.