റായ്പുര്‍: ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ചത്തീസ്ഗഡ് നാരായണ്‍പൂരിലെ ഗോറയിലാണ് ആക്രമണം നടന്നത്. ഇവിടുത്തെ സേക്രട്ട് ഹാര്‍ട്ട് കത്തോലിക്ക ദേവാലയമാണ് ആക്രമിക്കപ്പെട്ടത്.
അഞ്ഞൂറോളം പേര്‍ വരുന്ന സംഘം ദേവാലയം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ കമ്പുകളും മറ്റുമായി ദേവാലയത്തിലേക്ക് എത്തി ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സദാനന്ദ കുമാറിന് തലക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റു നിരവധി പേര്‍ക്കും പരുക്കേറ്റതായിട്ടാണ് വിവരം. ഡിസംബര്‍ മുതല്‍ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ഞായറാഴ്ച രാത്രി ക്രൈസ്തവരും ഗോത്രവര്‍ഗക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് ഗോറയുടെ സമീപത്തെ ബഖ്രുപാറയിലെ ഒരു ദേവാലയത്തില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ദേവാലത്തിലെ തിരുസ്വരൂപങ്ങള്‍ തകര്‍പ്പെട്ടിട്ടുണ്ട്. അള്‍ത്താര, കുരിശടി, പ്രതിമകള്‍ എന്നിവയും തകര്‍ത്തു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് ഇടവക വികാരി ഫാ. ജോമോന്‍ ദേവസ്യ പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള പള്ളി അഞ്ച് വര്‍ഷം മുമ്പാണ് പുനര്‍നിര്‍മിച്ചത്. ആള്‍ക്കൂട്ടം എല്ലാം തകര്‍ത്തെന്നും വികാരി ഫാ. ജോമോന്‍ ദേവസ്യ പറഞ്ഞു.
ഗോത്ര വര്‍ഗത്തില്‍ നിന്നും നിരവധി പേര്‍ ക്രിസ്ത്യന്‍ വിശ്വാസം സ്വീകരിച്ച് പള്ളിയില്‍ ചേര്‍ന്നതാണ് പ്രകോപനത്തിനു കാരണമെന്ന് പള്ളി അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ കത്തോലിക്ക വിശ്വാസത്തിലേക്ക് വന്ന നിരവധി പേരെ വീടുകളില്‍ നിന്നും പുറത്താക്കിയിരുന്നു. ക്രിസ്തു മതം സ്വീകരിച്ച നിരവധി ആളുകളുടെ വീടുകള്‍ കൈയേറുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്തതായും സഭാ വൃത്തങ്ങള്‍ അറിയിച്ചു.