റിയാദ്: സൗദി അറേബ്യയിലെ ഖുന്‍ഫുദയില്‍ വെളളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. മഴയില്‍ രൂപപ്പെട്ട വെളളക്കെട്ടില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളാണ് അപകടത്തില്‍ പെട്ടത്. രണ്ടുപേരെ രക്ഷപ്പെടുത്താനായി.
അതേസമയം മക്ക കുദയ് ജില്ലയിലെ ഖുമൈം ഗലിയില്‍ മലവെളളപ്പാച്ചിലില്‍ പെട്ട് മ്യാന്മാർ സ്വദേശിയും മരിച്ചു. ശക്തമായ വെളളപ്പാച്ചിലില്‍ ഡ്രെയിനേജിലേക്ക് വീണാണ് അപകടമുണ്ടായത്.
ഒഴുക്കില്‍ പെട്ട ഇയാളുടെ മൃതദേശം 13 കിലോമീറ്റർ മാറി അല്‍ ഉകൈശിയ പ്രദേശത്തുനിന്നുമാണ് കണ്ടെത്തിയത്.
മദീനയിലും ശക്തമായ മഴ പെയ്തു. വെള്ളക്കെട്ടിൽപ്പെട്ട വാഹനത്തിനുള്ളിൽ കുടുങ്ങിയ നാലുപേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മൂന്ന് പേരെ വാദി ബൈദാഅ്ൽ നിന്നും ഒരാളെ ഖൈബർ താഴ്വരയിൽ നിന്നുമാണ് രക്ഷപ്പെടുത്തിയത്.
ഇന്നും മഴ തുടരുമെന്ന മുന്നറിയിപ്പുളളതിനാല്‍ മക്ക, ജിദ്ദ, ജമൂം, കാമിൽ, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.
തബൂക്കിലെ അൽലൗസ് മലനിരകളിൽ ചൊവ്വാഴ്ച രാത്രി മുതൽ തുടങ്ങിയ മഞ്ഞുവീഴ്ച ബുധനാഴ്ച രാവിലെ വരെ തുടർന്നു.
കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. മഞ്ഞുവീണുകിടക്കുന്ന തബൂക്കിന്‍റെ ദൃശ്യങ്ങള്‍ കാണാനും ആസ്വദിക്കാനുമായി ഇവിടെയെത്തുന്നവരും നിരവധി.