റിയാദ്: രാജ്യത്തിന് പുറത്തുളള പ്രവാസികള്‍ക്ക് സൗദി അറേബ്യയിലേക്ക് തിരികെയെത്തുന്നതിന് നല്‍കേണ്ട ഫീസ് നവീകരിച്ചു. എക്സിറ്റ് -റീ എന്‍ട്രി വിസകളുടെയും ഇഖാമ പുതുക്കുന്നതിന്‍റെയും ഫീസ് ഇരട്ടിയാക്കി.
ലഭ്യമാകുന്ന വിവരം അനുസരിച്ച് എക്സിറ്റ് -റീ എന്‍ട്രി വിസയുടെ ഫീസ് 200 സൗദി റിയാലാണ്. പരമാവധി രണ്ട് മാസത്തേക്കാണ് ഇത് ബാധകമാകുക. പ്രവാസി രാജ്യത്തിന് അകത്താണെങ്കില്‍ ഓരോ അധികമാസത്തിനും 100 റിയാല്‍ അധികമായി ഈടാക്കും.
രാജ്യത്തിന് പുറത്താണെങ്കില്‍ റീ എന്‍ട്രി കാലാവധി ദീർഘിപ്പിക്കുന്നതിന് ഇഖാമ ഇപ്പോഴും സാധുതയുളളതാണെങ്കില്‍ ഓരോ മാസവും ഫീസ് ഇരട്ടിയാകും. മൂന്ന് മാസത്തെ ഒന്നിലധികം യാത്രകള്‍ക്ക് നിലവില്‍ 500 സൗദി റിയാലാണ് നിരക്ക്. രാജ്യത്തിന് അകത്താണെങ്കില്‍ ഓരോ മാസത്തിനും അധികമായി 200 സൗദി റിയാല്‍ ഈടാക്കും.
രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സാധുതയുളളതാണെങ്കില്‍ ഓരോ അധികമാസത്തിനും ഫീസ് ഇരട്ടിയാക്കുന്നു. അതേസമയം മുന്‍കാല ഫീസിനെ കുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടില്ല.
വിദേശ തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും ആശ്രിതരുടെ ഇഖാമ പുതുക്കുന്നത് ഉൾക്കൊള്ളുന്ന റെസിഡൻസി നിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നൽകി.
സൗദി അറേബ്യയുടെ ഉമ്മുൽ ഖുറ എന്ന ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഇഖാമ നിയമത്തിലെ ഭേദഗതി പ്രകാരം രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ ആശ്രിതർക്കും വീട്ടുജോലിക്കാർക്കും ഇഖാമ പുതുക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇലക്ട്രോണിക് പോർട്ടൽ വഴി ഫീസ് നൽകാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.
സൗദി അറേബ്യയില്‍ നിലവില്‍ 34.8 ദശലക്ഷം ജനസംഖ്യയുണ്ടെന്നാണ് കണക്ക്. ഏറ്റവും അധികം പ്രവാസികളെ ഉള്‍ക്കൊളളുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.