ദുബായ്: ദുബായ് സന്ദർശക വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയാല്‍ പിഴ നല്‍കേണ്ടി വരുമെന്ന് ഓർമ്മപ്പെടുത്തി അധികൃതർ. അധികമായി തങ്ങുന്ന ഓരോ ദിവസത്തിനും പിഴ ഈടാക്കും. മാത്രമല്ല വിമാനത്താവളങ്ങളില്‍ നിന്നോ കര അതിർത്തിയില്‍ നിന്നുളള ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നോ ഔട്ട് പാസോ അല്ലെങ്കില്‍ ലീവ് പെർമിറ്റോ നേടണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സ് പ്രതിനിധി വ്യക്തമാക്കുന്നു.
ദുബായില്‍ സന്ദർശക വിസ കാലാവധി കഴിഞ്ഞ് രാജ്യം വിടാന്‍ 10 ദിവസത്തെ ഗ്രേസ് പിരീഡാണ് നല്‍കുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് നടപ്പിലാക്കി തുടങ്ങിയെന്ന് ട്രാവല്‍ ഏജന്‍സികളും സാക്ഷ്യപ്പെടുത്തുന്നു. അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരും.
അതേസമയം അല്‍ അവീറിലെ ഇമിഗ്രേഷന്‍ ഓഫീസില്‍ നിന്നും ഔട്ട് പാസോ ലീവ് പെർമിറ്റോ ലഭിക്കും. 200-300 ദിർഹമാണ് ഇതിന്‍റെ ഫീസ്. ഔട്ട് പാസ് ലഭിച്ചുകഴിഞ്ഞാല്‍ രാജ്യം വിടണമെന്നാണ് വ്യവസ്ഥ. സന്ദർശക വിസയില്‍ എത്തി ജോലി ലഭിച്ച് കഴിഞ്ഞാല്‍ വർക്ക് പെർമിറ്റിനും താമസ വിസയ്ക്കും അപേക്ഷിക്കാം. എന്നാല്‍ സന്ദർശക വിസ കാലാവധി കഴിഞ്ഞ് ഔട്ട് പാസ് എടുത്താണ് രാജ്യത്ത് തങ്ങുന്നതെങ്കില്‍ വർക്ക് പെർമിറ്റും താമസവിസയും ലഭിക്കാന്‍ രാജ്യം വിടേണ്ടി വരുമെന്നാണ് ട്രാവല്‍ ഏജന്‍റുമാർ പറയുന്നത്.