ന്യൂഡല്‍ഹി: കിലോമീറ്ററുകളോളം കാറിനടിയില്‍ കുടുങ്ങിക്കിടന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ സാക്ഷി നിധി മയക്കു മരുന്നു കേസിലെ പ്രതി. മരിച്ച അഞ്ജലിയുടെ സുഹൃത്താണ് നിധി. നേരത്തെ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുള്ള നിധിയും അഞ്ജലിയും സ്‌കൂട്ടറില്‍ യാത്ര ചെയ്യവെയായിരുന്നു അപകടം.
നിധിയുടെ പേരില്‍ നേരത്തെ കേസുകളൊന്നും ഇല്ലെന്നായിരുന്നു മുന്‍പു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു ശരിയല്ലെന്നും തെലങ്കാനയില്‍നിന്നു മയക്കു മരുന്നു കടത്തിയ കേസില്‍ ആഗ്രയില്‍ വച്ച് ഇവര്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
നിധിയും അഞ്ജലിയും ഹോട്ടലിലെ ന്യൂ ഇയര്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് അഞ്ജലി കാറിനടിയില്‍ കുരുങ്ങുകയായിരുന്നു. നിസാര പരിക്കേറ്റ നിധി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.
അപകടത്തെക്കുറിച്ചു നിധിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നു തോന്നിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. അപകടമുണ്ടാക്കിയ കാറില്‍ ഉണ്ടായിരുന്ന ഏഴു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.