ജോഷിമഠ്: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിയിൽ വിള്ളലുകൾ രൂപപ്പെടുന്ന ഗുരുതര പ്രതിഭാസം നേരിടുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫിസ് ഉന്നതതല യോഗം വിളിച്ചു ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാണ് യോഗം ചേർന്നത്. സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയിതതായി പ്രധാനമന്ത്രിയുടെ ഓഫിസ് പിന്നീട് അറിയിച്ചു.
അതേസമയം ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തിനു കാരണം സമീപസ്ഥലത്തു എൻടിപിസി നടത്തുന്ന നിർമാണങ്ങളെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞമാസം മൂന്നു തവണയാണ് ടണൽ നിർമാണത്തിന്റെ ഭാഗമായുള്ള പാറ പൊട്ടിക്കലുകളുടെ തിരിച്ചടിയെക്കുറിച്ച് ജനങ്ങൾ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കത്ത് എഴുതിയിരുന്നു. ഈ കത്തുകൾ ദേശീയമാധ്യമം പുറത്തുവിട്ടു.
ജോഷിമഠിൽനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള നിർമാണ സ്ഥലത്തു നടക്കുന്ന പാറ പൊട്ടിക്കലുകൾ ആണ് പ്രദേശത്തെ വീടുകളിലും റോഡുകളിലും വിള്ളലുകൾ രൂപപ്പെടാൻ കാരണമെന്നാണു കത്തുകളിൽ. ഡിസംബറിലെഴുതിയ കത്തുകളിൽ മുഖ്യമന്ത്രി ഉടനടി നടപടിയെടുക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ഒരു പ്രതിരോധ നടപടി പോലും എടുത്തില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. അതേസമയം പ്രോജക്ടും ജോഷിമഠിലെ ദുരന്തവും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണം എൻടിപിസി നിഷേധിച്ചു.
ജോഷിമഠിൽ നിലവിൽ ഒരു ക്ഷേത്രം നിലംപൊത്തി. നിരവധി വീടുകളിൽ വിള്ളലുകൾ രൂപപ്പെട്ടു. പല റോഡുകളും വിള്ളലുകൾ കാരണം ഉപയോഗിക്കാൻ പറ്റാതായി. ഇപ്പോൾ 600 കുടുംബങ്ങളെയാണ് ഇവിടെനിന്നു മാറ്റിപ്പാർപ്പിക്കുന്നത്. ഭൂമി ഇടിഞ്ഞു താഴുന്നതു പഠിക്കാൻ കേന്ദ്രം വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.