മോസ്‌കോ-ഗോവ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; ഗുജറാത്തില്‍ അടിയന്തര ലാന്‍ഡിങ്

മോസ്‌കോ-ഗോവ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; ഗുജറാത്തില്‍ അടിയന്തര ലാന്‍ഡിങ്

അഹമ്മദാബാദ്: ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട അസുര്‍ എയറിന്‍റെ ചാര്‍ട്ടേഡ് വിമാനം ഗുജറാത്തിലെ ജാംനഗര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. യാത്ര പുറപ്പെട്ട ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ വിമാനം ജാംനഗര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാൽ വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് പിന്നീട് കണ്ടെത്തി.

വന്‍ സുരക്ഷ സാന്നിധ്യത്തില്‍ അടിയന്തരമായി ഇറക്കിയ വിമാനം സുരക്ഷിത ബേയിലേക്ക് മാറ്റിയ ശേഷം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ജില്ലാ കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ജാം നഗർ വിമാനത്താവളത്തിൽ എത്തി പരിശോധന നടത്തിയ ശേഷമാണ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്. ഭീഷണിക്ക് പിന്നാലെ ഗോവയിലെ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിരുന്നു.

റഷ്യൻ നടൻ ഓസ്കാർ കുച്ചേര അടക്കം 244 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ നടത്തിയ പരിശോധനയിൽ സ്ഫോടവസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ ബാഗേജുകളും പരിശോധിച്ചു. വിമാനം പത്തരയോടെ വിമാനം ഗോവയ്ക്ക് തിരിക്കും. യാത്രക്കാർക്ക് ജാംനഗർ വിമാനത്താവളത്തിൽ സൗകര്യങ്ങളൊക്കെ ചെയ്തു നൽകിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.