ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യം തള്ളി പട്യാല ഹൗസ് കോടതി. കുറ്റപത്രം വൈകിയെന്ന് കാട്ടിയാണ് പ്രതികളായ മുഹമ്മദ് പര്‍വേസ്, മുഹമ്മദ് ഇല്യാസ്, അബ്ദുല്‍ മുഖീത് എന്നിവര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയെന്നായിരുന്നു ജാമ്യാപേക്ഷയില്‍ പ്രതികളുടെ വാദം. സിആര്‍പിസി 167(2)-ാം വകുപ്പ് പ്രകാരം ജാമ്യം അനുവദിക്കണമെന്നാണ് ഇവര്‍ അഭ്യര്‍ഥിച്ചത്.
എന്നാല്‍ പ്രതികള്‍ അറസ്റ്റിലായി 60 ദിവസത്തിനുള്ളില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചെന്നും കാലതാമസം വരുത്താനുള്ള ശ്രമങ്ങളുള്ളതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.