ശ്രീനഗര്‍: ശ്രീനഗറില്‍ ലഷ്‌കറെ ത്വയ്ബ ഭീകരന്‍ അറസ്റ്റില്‍. ഫര്‍ഹാന്‍ ഫറൂസ് എന്ന ഭീകരനെയാണ് പൊലീസ് പിടികൂടിയത്. ശ്രീനഗര്‍ അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും മാരക ലഹരി മരുന്നായ ഹെറോയിനും പണവും കണ്ടെടുത്തു.
ഇയാളില്‍ നിന്നും 450 ഗ്രാം ഹെറോയിനാണ് പൊലീസ് പിടികൂടിയത്. കൂടാതെ 9.95 ലക്ഷം രൂപയും നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ലെറ്റര്‍ പാഡും മറ്റ് രേഖകളും കണ്ടെടുത്തു. കൊട്ടിബാഗ് പൊലീസാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നിന്നും ഐഎസ് ഭീകരന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് വീണ്ടും ശ്രീനഗറില്‍ മറ്റൊരു ഭീകരന്‍ കൂടി അറസ്റ്റിലാവുന്നത്. മധ്യപ്രദേശിലെ ഖണ്ട്വയില്‍ നിന്നാണ് ഭീകരന്‍ അബ്ദുല്‍ റാഖിഖ് ഖുറേഷി പിടിയിലാവുന്നത്. നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ മുന്‍ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. ഇയാളുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങി വിവിധ ഉപകരണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.
എംഡി സദ്ദാം, സയീദ് എന്നീ ഭീകരരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആയിരുന്നു പൊലീസ് ഖുറേഷിയെയും അറസ്റ്റ് ചെയ്തത്.