അലിഗഢ്: ഉത്തരാഖണ്ഡിലെ ജോഷിമഠിനു പിന്നാലെ ഉത്തര്‍പ്രദേശിലെ അലിഗഢിലും വീടുകളില്‍ വിള്ളല്‍. കന്‍വാരിയഗന്‍ജ് പ്രദേശത്താണ് വീടുകള്‍ക്കു വിള്ളല്‍ വീണിട്ടുള്ളത്. കഴിഞ്ഞ മൂന്നോ നാലോ ദിവസത്തിനിടയിലാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരെ അറിയിച്ചിട്ടും പ്രതികരണമൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്.
ജോഷിമഠിലും കര്‍ണപ്രയോഗിലും ഭൂമി വിണ്ടു താണതിനു പിന്നാലെ നിരവധി കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് അലിഗഡിലും വീടുകളില്‍ വിള്ളല്‍ കണ്ടെത്തിയത്.
സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം സര്‍ക്കാര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനു പിന്നാലെയാണ് വീടുകള്‍ക്കു വിള്ളല്‍ ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പൈപ്പ്ലൈനില്‍ ചോര്‍ച്ചയുണ്ടെന്ന് ഇവര്‍ പറയുന്നു.
സംഭവത്തെക്കുറിച്ച അന്വേഷിക്കുമെന്ന് അലിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷനല്‍ കമ്മിഷണര്‍ രാകേഷ് കുമാര്‍ യാദവ് പറഞ്ഞു. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.