ദുബായ്: യുഎഇയിലെ ജീവനക്കാർക്ക് 2023 ല്‍ ശമ്പളം കൂടാന്‍ സാധ്യതയുണ്ടെന്ന് കണക്കുകള്‍. തൊഴില്‍ വിപണി അനുയോജ്യരായ ഉദ്യോഗാർത്ഥികളുടെ കുറവ് നേരിടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഈ വർഷം ജീവനക്കാർക്ക് ശമ്പളവർദ്ധനവുണ്ടാകാമെന്നുളളതാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
വൈദ്യഗ്ധ്യമുളള തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുന്നതിനാല്‍ ഇതിനകം ജോലിയുളളവർക്ക് 2022 ല്‍ തന്നെ അവർ ആവശ്യപ്പെട്ടത് അനുസരിച്ച് ശമ്പളം കൂട്ടിനല്‍കിയെന്നാണ് എച്ച്.ആർ, റിക്രൂട്ട്‌മെന്‍റ് വ്യവസായ എക്‌സിക്യൂട്ടീവുകൾ പറയുന്നത്.
തൊഴില്‍ വിപണിയല്‍ കൂടുതൽ ഒഴിവുകളും അനുയോജ്യരായ ഉദ്യോഗാർത്ഥികളുടെ കുറവും, വർക്ക്-ലൈഫ്-ബാലൻസ്, ശമ്പള വർദ്ധനവ് എന്നിവയെക്കുറിച്ചുള്ള ജീവനക്കാരുടെ പ്രതീക്ഷകളിലെ മാറ്റങ്ങളും 2008 ന് ശേഷം ആദ്യമായി ഇരട്ട അക്ക ശമ്പള വർദ്ധനവ് നേരിടുന്ന ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് നാദിയ ഗ്ലോബലിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇയാന്‍ ജിലിയാനോട്ടി പറയുന്നു. 2023 ൽ ശമ്പളത്തിൽ 10 ശതമാനം വർദ്ധനവാണ് നാദിയ പ്രവചിക്കുന്നത്.
അതേസമയം, യുഎഇയില്‍ നിന്ന് വിഷയത്തില്‍ പ്രതികരിച്ചവരിൽ 57 ശതമാനം പേരും തങ്ങളുടെ നിലവിലെ ശമ്പള പാക്കേജ് അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും ഉൾക്കൊള്ളുന്നുവെന്ന് പ്രതികരിക്കുമ്പോള്‍ 26 ശതമാനം പേർ പറയുന്നത് അടിസ്ഥാന ശമ്പളം മാത്രമാണ് ലഭിക്കുന്നത് എന്നാണ്. 2023 ല്‍ പകുതിയിലധികം തൊഴിലാളികള്‍ക്കും ശമ്പളത്തില്‍ വർദ്ധനവ് ലഭിക്കുമെന്നാണ് ജോബ്സ് പോർട്ടൽ ബെയ്‌റ്റും യൂഗോവും നടത്തിയ സർവേയിലും പറയുന്നത്.