ബഫര്‍ സോണ്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളെ കുടിയിറക്കില്ല; നിയന്ത്രണം ക്വാറികള്‍ക്കും വന്‍കിട നിര്‍മാണങ്ങള്‍ക്കും മാത്രം: വ്യക്തത നല്‍കി കേന്ദ്രം

ബഫര്‍ സോണ്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളെ കുടിയിറക്കില്ല; നിയന്ത്രണം ക്വാറികള്‍ക്കും വന്‍കിട നിര്‍മാണങ്ങള്‍ക്കും മാത്രം: വ്യക്തത നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളെ കുടിയിറക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കെ. മുരളീധരന്‍ എംപിക്ക് നല്‍കിയ കത്തിലാണ് കേന്ദ്രം ബഫര്‍ സോണില്‍ വ്യക്ത നല്‍കിയത്.

കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷികവൃത്തി വിലക്കില്ല. ഖനനത്തിനും ക്വാറിക്കും വന്‍കിട നിര്‍മാണങ്ങള്‍ക്കും മാത്രമാണ് ബഫര്‍ സോണില്‍ നിരോധനമേര്‍പ്പെടുത്തുന്നതെന്നും കത്തില്‍ വനം പരിസ്ഥിതി മന്ത്രാലയം വിശദീകരിക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍ക്ക് നിബന്ധനകള്‍ പ്രകാരം അനുവാദമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ പരിധി ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താനുള്ള വിധിയില്‍ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രവും കേരളവും അടക്കം നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

തിങ്കളാഴ്ച്ച വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി സുപ്രീം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥല ലഭ്യത കുറവായതിനാല്‍ പരിസ്ഥിതിലോലമേഖല (ബഫര്‍ സോണ്‍) എന്ന പേരില്‍ കേരളത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.