ദുബായ്: ദുബായില്‍ നടക്കുന്ന കാർഷിക പ്രദർശനമായ സൂഖ് അല്‍ ഫരീജ് സന്ദർശിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം. പ്രാദേശിക കർഷകരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് സൂഖ് അല്‍ ഫരീജ് ഒരുക്കിയിരിക്കുന്നത്. ഉന്നത നിലവാരത്തിലുളള ആരോഗ്യകരമായ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന കർഷകരെ അഭിനന്ദിക്കുന്നുവെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
ഇത്തരം സംരംഭങ്ങൾ പ്രാദേശിക- ചെറുകിട കർഷകരെയും വ്യവസായങ്ങളെയും തങ്ങളുടെ ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്താൻ പ്രാപ്തരാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായ് മുനിസിപ്പാലിയുടെ നേതൃത്വത്തല്‍ പാം പാർക്കിലാണ് സൂഖ് അല്‍ ഫരീജ് സംഘടിപ്പിക്കുന്നത്. ജനുവരി 10 വരെയാണ് ആദ്യം നിശ്ചയിച്ചതെങ്കിലും പിന്നീട് 15 ലേക്ക് നീട്ടുകയായിരുന്നു. സ്വദേശി സംരംഭകരുടെ ഉല്‍പന്നങ്ങള്‍ സൗജന്യമായി പ്രദർശിപ്പിക്കുകയാണ് ഇവിടെ. സന്ദർശകർക്ക് ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചെയ്യാം.