രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് മാവ്ടി മേഖലയിലുള്ള ഉദയ് ശിവനന്ദ് കോവിഡ് ആശുപത്രിയിലെ ഐസിയുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഉണ്ടായ തീപിടിത്തത്തില്‍ ആറ് കോവിഡ് രോഗികള്‍ മരിച്ചു. 13 രോഗികളെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുത്തി. 33 രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഏഴ് രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.
വിവരം ലഭിച്ച ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ 30 പേരെ രക്ഷപ്പെടുത്തി. മൂന്നു രോഗികള്‍ ഐസിയുവിന് ഉള്ളില്‍വെച്ചു തന്നെ മരിച്ചതായി ഫയര്‍ഫോഴ്സ് വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷപ്പെടുത്തിയ രോഗികളെ മറ്റൊരു കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ഓഗസ്റ്റില്‍ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ എട്ട് കോവിഡ് രോഗികള്‍ മരിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണത്തിന് ഉത്തരവിട്ടു.