ആവര്‍ത്തിക്കപ്പെടുന്ന ചില 'ജനാധിപത്യ മര്യാദ'കേടുകള്‍

ആവര്‍ത്തിക്കപ്പെടുന്ന ചില 'ജനാധിപത്യ മര്യാദ'കേടുകള്‍

കഴിഞ്ഞ ദിവസം ഒരു കോളജ് യൂണിയന്‍ ഉദ്ഘാടന ചടങ്ങിനെത്തിയ നടി അപര്‍ണ ബാലമുരളിയോട് ആരാധകന്‍ മോശമായി പെരുമാറിയ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വേദിയില്‍വെച്ച് തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച ആരാധകന്റെ കൈ താരം തട്ടിമാറ്റുകയായിരുന്നു. വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജി ബാല്‍ അടക്കമുള്ളവര്‍ വേദിയിലുള്ളപ്പോഴായിരുന്നു സംഭവം.

ഇത്തരം സംഭവങ്ങള്‍ക്കെതിരെ നിരന്തരം ചര്‍ച്ച നടക്കുമ്പോഴും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്നത് നിരാശജനകമാണ്. ഇവിടെയാണ് 'പേര്‍സണല്‍ സ്പേസ്' എന്ന വാക്ക് പ്രസക്തമാകുന്നത്. 'പേര്‍സണല്‍ സ്പേസി'ന്റെ പല വശങ്ങളും സാംസ്‌കാരിക പഠനത്തിന്റെ പ്രധാന പഠന മേഖലകളിലൊന്നാണ് താനും.

നിശ്വാസവായു പോലെ ഒരു വ്യക്തിയുടെ അനിവാര്യതകളില്‍ ഒന്നാണ് മറ്റു വ്യക്തികള്‍ അവരില്‍ നിന്ന് ശാരീരികമായി പാലിക്കേണ്ട മര്യാദയും ദൂരവും.

രാഷ്ട്രീയ ശരികള്‍ വളരെ പ്രത്യക്ഷമായി പല വിഷയത്തിലും ചര്‍ച്ചയാവുമ്പോഴും, 'കണ്‍സെന്റ്'(ചില വാക്കുകള്‍ ഇംഗ്ലീഷില്‍ തന്നെ പ്രയോഗിച്ചെങ്കിലെ ന്യൂജനറേഷന് വേണ്ടവിധം മനസിലാകൂ) എന്ന വാക്ക് മുന്‍പത്തേക്കാള്‍ ഉറക്കെ മുഴങ്ങി കേള്‍ക്കുമ്പോഴും ശരീരത്തോട് പാലിക്കേണ്ട വളരെ ജനാധിപത്യപരമായ അകലം ചര്‍ച്ചയാവാറില്ല എന്നത് ദുഖകരമാണ്. ഇത്തരം 'കണ്‍സെന്‍ന്റു'കളെ കുറിച്ചു പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ തന്നെ സ്ത്രീകളെ അനുവാദമില്ലാതെ കയറിപ്പിടിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ക്കും ഒട്ടും പഞ്ഞമില്ല.

സിനിമയില്‍ അഭിനയിക്കുന്ന നടിമാരെ വളരെ കൃത്യമായി പറഞ്ഞാല്‍ ' പൊതുമുതല്‍' എന്ന കണ്ണിലൂടെയാണ് ദര്‍ശിക്കുന്നത്. പിന്നീട് അത് അവരിലേയ്ക്കൊരു കടന്നു കയറ്റമായി മാറുന്നു. സമൂഹ മാധ്യമങ്ങളില്‍ അവര്‍ പങ്ക് വെക്കുന്ന ഫോട്ടോകള്‍ക്ക് താഴെ വരുന്ന വളരെ മോശം കമന്റുകളും ചോദ്യങ്ങളും സ്വാഭാവികമായി മാറുകയാണ്. പൊതു ഇടങ്ങളിലൂടെ കടന്നു പോകുമ്പോള്‍, പൊതു വേദികളില്‍ വരുമ്പോള്‍ അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കും വിധം തൊടാനും അവരുടെ ശരീരവും വസ്ത്രവും സംബന്ധിച്ച ദ്വായാര്‍ത്ഥം നിറഞ്ഞ കമന്റുകള്‍ പറയാനും ആള്‍ക്കൂട്ടം മത്സരിക്കുന്നത് എന്ത് സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലാണ്.
ഇത്തരം നടപടികള്‍ക്കെതിരെ അവരുടെ നോട്ടം കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ വാക്ക് കൊണ്ടോ ഉള്ള പ്രതിഷേധങ്ങള്‍ ജാഡക്കാരി, അഹങ്കാരി, കുലസ്ത്രീ എന്നിങ്ങനെയുള്ള പട്ടങ്ങള്‍ ചാര്‍ത്തി കൊടുക്കാനും ഈ 'മഹാരഥന്‍'മാര്‍ക്ക് മടിയില്ല.

നടി സാനിയ ഇയ്യപ്പന്‍ ഒരു പ്രമുഖ ഷോപ്പിംഗ് മാളില്‍ സ്വന്തം സിനിമയുടെ പ്രമോഷന് വന്നവഴി ഒരാള്‍ കയറിപ്പിടിക്കുന്നതും അവര്‍ കൈ വീശി അടിക്കാന്‍ ശ്രമിക്കുന്നതുമായ വീഡിയോ പുറത്ത് വന്നിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. അവരെ കടന്നു പിടിച്ചയാളും അത് വീഡിയോ എടുക്കാന്‍ ശ്രമിച്ചയാളും പേറുന്ന മനോഭാവം ഒന്നാണ്. നടി ഗ്രേസ് ആന്റണി ഇതേ ദിവസം ഇതേയിടത്തു വച്ച് തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് വൈകാരികമായ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു. അവര്‍ ആ കുറിപ്പ് അവസാനിപ്പിക്കുന്നത് 'തീര്‍ന്നോ നിന്റെയൊക്കെ അസുഖം?' എന്ന് ചോദിച്ചുകൊണ്ടാണ്. ഒരു വലിയ ടീം കൂടെയുണ്ടായിട്ടും ഇങ്ങനെ സംഭവിച്ചത്തിലുള്ള ഞെട്ടല്‍ അവര്‍ ഉറക്കെ വിളിച്ചു പറയുന്നു.

മറ്റൊരു പ്രമുഖ നടി ഷോപ്പിങ്ങിനായി 'പ്രശസ്ത' മാളില്‍ പോയപ്പോഴാണ് പുറകില്‍ നിന്ന് ആരോ കേറിപ്പിടിച്ചത്. പല നടിമാരും ആള്‍ക്കൂട്ടത്തില്‍ സെല്‍ഫി എടുക്കാനും കയറിപ്പിടിക്കാനും ശ്രമിച്ചതിനെക്കുറിച്ച് അഭിമുഖങ്ങളില്‍ നിരന്തരം പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ ഇതിന്റെയൊക്കെ ക്രൂരമായ തുടര്‍ച്ചയാണ് അപര്‍ണ ബാലമുരളിക്ക് എറണാകുളം ലോ കോളജില്‍ വച്ച് നേരിട്ടത്.

സിനിമാഭിനയം മോശപ്പെട്ട സ്ത്രീകള്‍ ചെയ്യുന്ന തൊഴിലാണ് എന്ന ഉറച്ച ബോധ്യമാണ് എല്ലാ സിദ്ധാന്ത വ്യഖാനങ്ങള്‍ക്കുമപ്പുറം ഇതിന്റെ മൂല കാരണം. പലര്‍ക്കുമൊപ്പം പ്രണയവും കാമവുമൊക്കെ 'അഭിനയിക്കുന്നവര്‍' ഇതൊക്കെ കുറച്ച് സഹിക്കാന്‍ ബാധ്യസ്ഥരാണ് എന്ന ചിലരുടെ ഉറച്ചു വിശ്വസമാണ് ഈ തനിയാവര്‍ത്തനങ്ങള്‍.

പ്രശസ്തരായ സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ വാര്‍ത്തയാക്കുന്ന മാധ്യമങ്ങളെ ആള്‍ക്കൂട്ടം താരതമ്യപഠനത്തിനു വിധേയരാക്കുന്നു. അതിന് 'അമിത വാര്‍ത്താ പ്രാധാന്യം 'എന്ന കുറ്റകൃത്യം ചാര്‍ത്തി ഈ ആള്‍ക്കൂട്ടം തന്നെ അക്രമികളെ രക്ഷപ്പെട്ടു പോകാന്‍ വഴിയൊരുക്കുന്നു.

'ഒരാള്‍ ചുമലില്‍ അമര്‍ത്തിയാല്‍ പോകുന്ന ഒന്നും മനുഷ്യ ശരീരത്തില്‍ ഇല്ല' എന്ന പോസ്റ്റ് മോഡേണ്‍ വാദം മറ്റൊരു തലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഒപ്പം പുരുഷന്‍ ഒന്ന് തൊട്ടാല്‍ ഇത്ര വലിയ പ്രതികരണമുണ്ടാവുന്നത് ലിംഗ നീതിക്ക് തന്നെ എതിരാണ് എന്ന വിചിത്ര വാദവും പൊങ്ങിവന്നിരുന്നു. 'കണ്സന്റ്' എന്ന വാക്കിന്റെ അര്‍ത്ഥം പഠിക്കാന്‍ നമ്മള്‍ ഇനിയെത്ര കാലം മുന്നോട്ട് നടക്കേണ്ടി വരും എന്ന ചിന്ത ഭയപ്പെടുത്തുന്ന ഒന്നായി മാറുകയാണ്.

ഇന്ത്യ പോലൊരു രാജ്യത്ത് സിനിമ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. കേവല വിനോദോപാധി മുതല്‍ ജീവവായു വരെയായി ഇതിനെ കാണുന്നവരുണ്ട്. പക്ഷേ സിനിമയില്‍ അഭിനയിക്കുന്നവര്‍, പ്രത്യേകിച്ച് സ്ത്രീകളായ സിനിമാ തൊഴിലാളികള്‍ പൊതു സ്വത്താണെന്ന ധാരണ കാലം തിരുത്തുന്നതായി കാണുന്നില്ല. നിയമം പഠിപ്പിക്കുന്ന സ്ഥാപനത്തില്‍, നിയമം പഠിക്കുന്ന വിദ്യാര്‍ത്ഥി ചെയ്ത ഈ കടന്നു കയറ്റം വാക്കുകള്‍ കിട്ടാത്ത വിധം തന്നെ സ്തബ്ധയാക്കി എന്ന് അപര്‍ണ ബാലമുരളി തന്നെ കുറിച്ചിരുന്നു.

നിയമം പാലിക്കുന്നവരോടാണല്ലോ സമാന അനുഭവമുള്ളവര്‍ പരാതിപ്പെടേണ്ടി വരിക. എന്തായാലും അവര്‍ അവിടെ വച്ചു നേരിട്ട കടന്നു കയറ്റത്തോടൊപ്പം നില്‍ക്കുന്ന ക്രൂരമായ ആക്രമണം സോഷ്യല്‍ മീഡിയയിലും അവര്‍ക്കെതിരെ നടക്കുന്നുണ്ട്. അതില്‍ അവരെ മറ്റുള്ളവര്‍ തൊടുന്നതിലുള്ള ലാളിത്യം മനസിലാക്കി കൊടുക്കല്‍ മുതല്‍ വസ്ത്രത്തിന്റെ അളവെടുപ്പ് വരെ നടക്കുന്നുണ്ട്. കടന്നുകയറ്റങ്ങളെ സ്വാഭാവികം എന്ന ലളിത പദപ്രയോഗത്താല്‍ തള്ളിക്കളയുന്ന സമൂഹത്തില്‍ ഇത് മറ്റൊരു തുടര്‍ച്ച എന്ന് കണ്ട് നോക്കി നില്‍ക്കാനെ കഴിയൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.