വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസ്: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന് മൂന്നു മാസം വിലക്ക്

വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസ്: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന് മൂന്നു മാസം വിലക്ക്

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).

മുഖ്യ പൈലറ്റിന് മൂന്നു മാസം വിമാനം പറത്തുന്നതില്‍ വിലക്കും എയര്‍ ഇന്ത്യ ഡയറക്ടര്‍ ഓഫ് ഫ്ളൈറ്റ് സര്‍വീസിന് മൂന്ന ലക്ഷം രൂപ പിഴയും ചുമത്തി. ഇന്ത്യയില്‍ വിമാന കമ്പനികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പിഴയാണ് ഡിജിസിഎ ചുമത്തിയത്.

1937ലെ എയര്‍ക്രാഫ്ട് റൂള്‍സ് 141 പ്രകാരം പൈലറ്റിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്റ് ചെയ്തു. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് നടപടി. സംഭവത്തില്‍ വിശദീകരണം തേടി ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെന്ന് കാണിച്ചാണ് നടപടി.

കഴിഞ്ഞ നവംബര്‍ 26 നാണ് ന്യുയോര്‍ക്ക്-ന്യുഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ അനിഷ്ട സംഭവമുണ്ടായത്. അമേരിക്കന്‍ ആസ്ഥാനമായ ധനകാര്യ സ്ഥാപനത്തിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായ ശങ്കര്‍ മിശ്രയാണ് വയോധികയായ യാത്രക്കാരിയുടെ ദേഹത്ത് മദ്യലഹരിയില്‍ മൂത്രമൊഴിച്ചത്.

സംഭവം എയര്‍ അധികൃതര്‍ മൂടിവച്ചുവെങ്കിലും എയര്‍ ഇന്ത്യ ചെയര്‍മാന് വയോധിക നല്‍കിയ പരാതി പോലീസിന് കൈമാറുകയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതോടെ ശങ്കര്‍ മിശ്രയെ പോലീസ് ബംഗലൂരുവില്‍ നിന്ന് പിടികൂടിയിരുന്നു. നിലവില്‍ റിമാന്‍ഡിലാണ് ശങ്കര്‍ മിശ്ര.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.