ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജോണ്‍ ബര്‍ല.
ന്യൂഡല്‍ഹി: രാജ്യപുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നത് അവഗണന മാത്രമാണന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ല.
കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച സമാധാന റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം രാജ്യത്ത് ക്രൈസ്തവര്‍ നേരിടുന്ന അവഗണന തുറന്നു പറഞ്ഞത്. ക്രൈസ്തവര്‍ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബര്‍ല പറഞ്ഞു.
വിദ്യാഭ്യാസ സേവന മേഖലകളിലെ സമാനതകളില്ലാത്ത സംഭാവനകള്‍ക്ക് അര്‍ഹമായ പരിഗണന ക്രൈസ്തവ സമൂഹത്തിന് ലഭിക്കുന്നില്ല. രാജ്യത്തെല്ലായിടത്തും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. മഹാത്മാഗാന്ധി മുതല്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ്ഖാന്‍ വരെ ഇത്തരം സ്‌കൂളുകളിലാണ് വിദ്യാഭ്യാസം നേടിയത്.
ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധ സദനങ്ങള്‍ തുടങ്ങിയ സംഭാവനകള്‍ വേറെയും. എന്നിട്ടും മതം മാറ്റുന്നവരെന്ന ആരോപണമാണ് സമുദായത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നത്. രാജ്യത്തിന് ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകള്‍ പൊതു സമൂഹത്തിനു മുന്നിലെത്തിക്കാന്‍ സമാധാന റാലികള്‍ രാജ്യമെമ്പാടും നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.