ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹിറ്റ്ലര്‍ക്ക് തുല്യനെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന് അധികനാള്‍ ആയുസുണ്ടാകില്ല. ബിജെപി നൂറ് തവണ ഭരണത്തിലിരിക്കുമെന്ന് ആവര്‍ത്തിച്ചാലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും അത് സംഭവിക്കാന്‍ പോകുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഗുജറാത്ത് കലാപവുമായി അക്കാലത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററിയുടെ പേരില്‍ വിവാദം നിലനില്‍ക്കവേയാണ് സിദ്ധരാമയ്യയുടെ ഹിറ്റ്ലര്‍ പരാമര്‍ശം. ഹിറ്റ്ലര്‍, മുസോളിനി അടക്കമുള്ളവരുമായി പ്രധാനമന്ത്രിയെ ഉപമിച്ചാണ് അദേഹത്തിന്റെ പ്രസ്താവന.
ഹിറ്റ്ലറെയും മുസോളിനിയെയും പോലെ കുറച്ചു നാളുകള്‍ മാത്രമേ മോഡിക്ക്് അധികാരവുമായി വിലസി നടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പരമാര്‍ശത്തിന് പിന്നാലെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. മോഡിയുടെ വ്യക്തി പ്രഭാവത്തെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ ബോധവാന്‍മാരാണെന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരു തരത്തിലും അദ്ദേഹത്തെ ബാധിക്കില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും മോഡിയെക്കുറിച്ച് അറിയാം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കൊണ്ട് അതിന് ഒരു കളങ്കവും തട്ടാന്‍ പോകുന്നില്ല. ഗുജറാത്തിലും ഇത് പോലുള്ള പരാമര്‍ശങ്ങള്‍ ഉടലെടുത്തിരുന്നു. എന്നിട്ടും ഭൂരിപക്ഷം വോട്ടുകള്‍ നേടിയെടുക്കാനായി. അത് തന്നെയാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ബസവരാജ് പറഞ്ഞു.