എസ് എം സി എ കുവൈറ്റ് രജതജൂബിലി കാരുണ്യ ഭവനങ്ങളുടെ വെഞ്ചിരിപ്പ് ജനുവരി 29 ന്

എസ് എം സി എ കുവൈറ്റ് രജതജൂബിലി കാരുണ്യ ഭവനങ്ങളുടെ വെഞ്ചിരിപ്പ് ജനുവരി 29 ന്

കുവൈറ്റ് സിറ്റി: കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ (എസ് എം സി എ) രജത ജൂബിലി സ്മാരകമായി നിർമ്മിച്ചു നൽകുന്ന കാരുണ്യഭവന പദ്ധതിയിലെ ആദ്യ ഘട്ടത്തിലെ രണ്ടു വീടുകളുടെ നിർമ്മാണം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. എസ് എം സി എ കുവൈറ്റ് പൂർണ്ണമായും സാമ്പത്തിക സഹായം നൽകിയ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് മേൽനോട്ടം വഹിച്ചത്.


മാനന്തവാടി രൂപതയിലെ ചൂണ്ടക്കര സെന്റ് ജോസഫ് ഇടവകയിലും വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻ ഇടവകയിലും നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽ ദാനവും ജനുവരി 29 ന് രാവിലെ മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവ്വഹിക്കും. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. പോൾ കൂട്ടാല, ഇടവക വികാരിമാർ, എസ് എം സി എ കുവൈറ്റിൻ്റെ പ്രതിനിധികൾ, എസ് എം സി എ റിട്ടേണീസ് ഫോറം അംഗങ്ങൾ, സിസ്റ്റേഴ്സ്, കൈക്കാരന്മാർ, ഭക്തസംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. രജതജൂബിലി സ്മാരക പദ്ധതി ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുന്ന അഞ്ചാമത്തേതും മാനന്തവാടി രൂപതയിലെ മൂന്നാമത്തെതുമായ ഭവനത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതാണ്.

രജതജൂബിലി സ്മാരക പദ്ധതി ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി താമരശ്ശേരി രൂപത പുല്ലൂരാംപാറ സെന്റ് ജോസഫ് ഇടവകയിലെ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ നിർമ്മിക്കുന്ന രണ്ടു ഭവനങ്ങളുടെ നിർമ്മാണം നടന്നുവരുന്നതായും എസ് എം സി എ ഭാരവാഹികൾ അറിയിച്ചു.

ഭവനരഹിതർക്കായി വിവിധ പദ്ധതികളിലൂടെ ഇന്ത്യയിലാകെ 635 ഭവനങ്ങൾ എസ്എംസിഎ കുവൈറ്റ് നിർമ്മിച്ചു നൽകിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.