ചെന്നൈ: നിവാർ ചുഴലിക്കാറ്റിൽ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.18 ജില്ലകളില്‍ ആഞ്ഞുവീശിയ നിവാര്‍ ചുഴലിക്കൊടുങ്കാറ്റില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് തമിഴ്‌നാട്ടിലുണ്ടായത്. രണ്ടായിരത്തോളം മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി കന്നുകാലികള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് വ്യാപകമായ തോതില്‍ കൃഷിനാശവുമുണ്ടായി.
തമിഴ്‌നാടിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി തമിഴ്‌നാട്ടിലേക്ക് കേന്ദ്രസംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ചെന്നൈ നഗരം ഉള്‍പ്പെടെ പലയിടത്തും കനത്ത വെള്ളപ്പൊക്കമാണുണ്ടായത്. ചെന്നൈ, കടലൂര്‍, ചെങ്ങല്‍പേട്ട്, വെല്ലൂര്‍, നാഗപട്ടണം തുടങ്ങിയ നഗരങ്ങളിൽ രണ്ടായിരത്തിലധികം മരങ്ങളാണ് കടപുഴകിയത്.