അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ ഇടത് മുന്നണിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയിലെത്തി. മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മാണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കില്ല.
കോണ്‍ഗ്രസ് 13 സീറ്റിലും ഇടത് മുന്നണി 47 സീറ്റിലും മത്സരിക്കും. ദശാബ്ദങ്ങളുടെ വൈരം മറന്നാണ് തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തീരുമാനിച്ചത്. ഇടതുമുന്നണിയില്‍ സിപിഎം 43 സീറ്റില്‍ മത്സരിക്കുമ്പോള്‍ സിപിഐയും ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്.
ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരസ്പരം കൈകോര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയ്യാറാവുകയായിരുന്നു. ഫെബ്രുവരി 16നാണ് തിരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിനാണ്.