ന്യൂഡല്‍ഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി കൂടുതല്‍ സര്‍വകലാശാലകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി വിദ്യാര്‍ഥി സംഘടനകള്‍. ജാമിയ മിലിയില്‍ സര്‍വകലാശാല അധികൃതരും പൊലീസും ചേര്‍ന്ന് പ്രദര്‍ശനം തടഞ്ഞിരുന്നു. വിദ്യാര്‍ത്ഥി നേതാക്കളെ കരുതല്‍ തടങ്കലിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി.
ഇതിന് പിന്നാലെയാണ് പ്രദര്‍ശനം കൂടുതല്‍ സര്‍വകലാശാലകളിലേക്ക് വ്യാപിപ്പിക്കാന്‍ എസ്എഫ്‌ഐ, എന്‍എസ്‌യുഐ തുടങ്ങിയ സംഘടനകള്‍ തീരുമാനിച്ചത്. ഡല്‍ഹി സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല, കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സര്‍വകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശനം നടത്തും.
നേരത്തെ ജെഎന്‍യു സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിനാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ എട്ടരയോടെ ക്യാംപസിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ഇതോടെ, ലാപ്പ്‌ടോപ്പിലും മൊബൈല്‍ ഫോണുകളിലുമായി കൂട്ടം കൂടിയിരുന്ന് ഡോക്യുമെന്ററി കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു വിഭാഗം കല്ലെറിയുകയായിരുന്നു. എബിവിപി പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
ഇതിനിടെ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ഇന്ന് കെപിസിസി ആസ്ഥാനത്ത് പ്രദര്‍ശിപ്പിക്കും. വൈകിട്ട് അഞ്ചിനാണ് പ്രദര്‍ശനം. ഇന്നലെ വെള്ളായണിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പരിപാടിക്ക് നേരെ ബിജെപിയുടെ പ്രതിഷേധമുണ്ടായിരുന്നു.