ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 28 മത് പതിപ്പ് 29 ന് അവസാനിക്കും. വെളളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഫെസ്റ്റിവലിന്റെ അവസാന വില്പന നടക്കും. നഗരത്തിലുടനീളം 2000ലധികം സ്റ്റോറുകളിൽ 500ലധികം ബ്രാൻഡുകൾക്ക് വിലക്കുറവ് ലഭിക്കും. മൂന്ന് ദിവസത്തെ ഡിഎസ്എഫ് ഫൈനൽ മെഗാ സെയിലിന് ആയിരക്കണക്കിന് റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ 90 ശതമാനം വരെ കിഴിവും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.
പതിവുപോലെ ഇത്തവണയും നിരവധി സമ്മാനങ്ങളും ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 10 ലക്ഷം ദിർഹം, ഒരു കിലോ സ്വർണം, ഡൗൺടൗൺ ദുബായിൽ അപ്പാർട്മെന്റ് തുടങ്ങി നാലു കോടി ദിർഹം മൂല്യം വരുന്ന സമ്മാനങ്ങളാണ് ഇത്തവണ ഒരുക്കിയത്. സർക്കാരിന്റെ നേതൃത്വത്തില്‍ ‘ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം’ എന്ന തലക്കെട്ടിലെ ടൂറിസം കാമ്പയിനിലേക്ക് സന്ദർശകരെ ആകർഷിക്കാനും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലുകളില്‍ ഒന്നാണ് ഡിഎസ്എഫ്.