ഷാര്‍ജ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. പുറപ്പെട്ട് ഒരു മണിക്കൂര്‍ പറന്ന ശേഷമാണ് എഐ 998 വിമാനം ഷാര്‍ജ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.
യാത്രക്കാരെ വിമാനത്തില്‍ നിന്ന് എയര്‍പോര്‍ട്ട് ടെര്‍മിനലിലേയ്ക്ക് മാറ്റി. 170 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് ഉച്ചക്ക് ശേഷം മാത്രമേ യാത്ര പുനരാംഭിക്കാനാവൂ.
റെസിഡന്റ് വിസയുള്ള യാത്രക്കാരോട് വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. സന്ദര്‍ശകവിസയിലുള്ള സ്ത്രീകളും കുട്ടികളുമടക്കം വിമാനത്താവളത്തില്‍ കുടുങ്ങി. നാട്ടിലെത്തിക്കേണ്ട ഒരു മൃതദേഹവും വിമാനത്തിലുണ്ട്.