ന്യൂഡല്‍ഹി: രക്ഷാ സമിതിയില്‍ വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
ലോകത്തില്‍ അനുദിനം വെല്ലുവിളികള്‍ വര്‍ധിച്ചു വരികയാണ്. പുതിയ വെല്ലുവിളികളെ നേരിടാന്‍ നേരത്തെ സൃഷ്ടിച്ച സംവിധാനങ്ങള്‍ക്ക് ആകില്ലെന്നും അവ കാലാഹരണപ്പെട്ടതായും ഇന്ത്യന്‍ അംബാസഡര്‍ ആര്‍ രവീന്ദ്ര വ്യക്തമാക്കി. 'പ്രാദേശിക പ്രാതിനിധ്യം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ അംബാസഡര്‍ ആര്‍ രവീന്ദ്ര.
ശക്തരായവരുടെ അവസ്ഥയെ തീക്ഷ്ണതയോടെ സംരക്ഷിക്കുന്നതിനു പകരം ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കിയാല്‍ മാത്രമേ സുരക്ഷാ കൗണ്‍സിലിന് ഫലപ്രദമായ പരിഹാരങ്ങള്‍ നല്‍കാന്‍ കഴിയൂ എന്നും ഇന്ത്യ വ്യക്തമാക്കി.
വികസ്വര രാജ്യങ്ങളുടെ പ്രതിനിധികള്‍ രക്ഷ സമിതിയില്‍ പങ്കാളികളാണെങ്കില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളെയും ചൂണ്ടിക്കാട്ടാനും അവയ്ക്ക് പ്രതിവിധികള്‍ കണ്ടെത്താനും കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.