അജ്മാന്‍: പോലീസില്‍ നിന്നാണ് എന്ന് പരിചയപ്പെടുത്തി നടത്തിയ തട്ടിപ്പില്‍ മലയാളി കുടുംബത്തിന് വന്‍ തുക നഷ്ടമായി. സുരക്ഷാ കാര്യങ്ങള്‍ക്കാണെന്ന വ്യാജേനയാണ് ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ തട്ടിപ്പ് സംഘം ചോർത്തിയത്. 14,600 ദിർഹമാണ് കാർഡില്‍ നിന്നും പിന്‍വലിച്ചത്.
നേരത്തെയും സന്ദേശമയിച്ചിരുന്നുവെന്നും ശ്രദ്ധയില്‍ പെട്ടില്ലേയെന്നും വിളിച്ചയാള്‍ ചോദിച്ചു. സുരക്ഷാ വിവരങ്ങള്‍ക്കായി എമിറേറ്റ്സ് ഐഡി, പാസ്പോർട്ട്, വിവരങ്ങള്‍ നല‍്കാനും ആവശ്യപ്പെട്ടു.
രേഖകള്‍ ഭർത്താവിന്‍റെ കൈയ്യിലാണെന്ന് മറുപടി നല്‍കിയ യുവതിയോട് മറ്റെന്തെങ്കിലും രേഖകളുണ്ടെങ്കില്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പാസ്പോർട്ടില്‍ റെഡ് മാർക്ക് ചെയ്യുകയും നാട് കടത്തുകയും ചെയ്യുമെന്ന് വ്യക്തമാക്കിയതോടെ ഭയന്ന യുവതിയോട് മറ്റ് രേഖങ്ങളെന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു.
യുവതി ആദ്യം ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചുവെങ്കിലും തുടരെ തുടരെ ആവശ്യപ്പെട്ടതോടെ ഭയന്ന യുവതി വിവരങ്ങള്‍ നല്‍കി. പിന്നീട് കാർഡില്‍ നിന്നും പണം നഷ്ടമായപ്പോഴാണ് ഭർത്താവ് വിവരം അറിയുന്നത്. ബാങ്കില്‍ വിളിച്ച് ഉടനെ കാർഡ് ബ്ലോക്ക് ചെയ്തുവെങ്കിലും 14,600 ദിർഹം നഷ്ടമായിരുന്നു.