ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി വധശ്രമക്കേസില്‍ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ഫൈസലിനെതിരായ ശിക്ഷാനടപടി കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ചത്.
അപ്പീലില്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഫൈസലിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്.
മുന്‍ കേന്ദ്രമന്ത്രി പി.എം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കവരത്തി സെഷന്‍സ് കോടതിയാണ് മുഹമ്മദ് ഫൈസല്‍, സയിദ് മുഹമ്മദ് നൂറുല്‍ അമീന്‍, മുഹമ്മദ് ഹുസൈന്‍ തങ്ങള്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്ക് പത്തു വര്‍ഷം വീതം തടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
ഇതിനിടെയാണ് ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടെന്ന കാരണത്താല്‍ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലക്ഷദ്വീപില്‍ ഫെബ്രുവരി 27 ന് തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനമിറക്കിയത്. കവരത്തി കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.