ദുബായ്: അറബ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി. ഫെബ്രുവരി 26 നാണ് ബഹിരാകാശ ദൗത്യം ആരംഭിക്കുക. ദൗത്യത്തോട് അനുബന്ധിച്ചുളള ലോഗോ രാജ്യം പുറത്തിറക്കി.
യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ നോക്കി നില്‍ക്കുന്ന ബഹിരാകാശ യാത്രികനെയാണ് ലോഗോയില്‍ കാണാനാകുക. ദൗത്യത്തിന് യുഎഇ മിഷൻ 2 എന്നാണ് പേരിട്ടിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ് ലോഗോ പുറത്തിറക്കിയത്.
യു.എസിലെ സ്പേസ് എക്സിലാണ് സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും പരിശീലനം പൂർത്തിയാക്കിയത്.ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സ് ക്രൂ- 6 പേടകത്തിലാണ് സംഘം ബഹിരാകാശത്തേക്ക് കുതിക്കുക. ദൗത്യം പൂർത്തിയായാല്‍ ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11 ാമത്തെ രാജ്യമാകും യുഎഇ.