ചെന്നൈ: വാണി ജയറാമിന്റെ നെറ്റിയിലെ മുറിവ് വീഴ്ച്ചയിൽ സംഭവിച്ചതാകാമെന്ന് ചെന്നൈ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പറഞ്ഞു. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം. ഇന്ന് രാവിലെ 11 നാണ് സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല.
ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്.
ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ ശേഖര്‍ ദേശ്മുഖ് പിന്നീട് വാണി ജയറാമിന്റെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തി. വാണി മുറിയില്‍ കുഴഞ്ഞു വീണു മരിച്ചതാവാം എന്നാണ് നിലവില്‍ പൊലീസിന്റെ നിഗമനം.