ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ നാളെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് തിരുമാനം. എല്‍.ഐ.സി, എസ്.ബി.ഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചു എന്ന ആരോപണം ഉയര്‍ത്തിയാണ് പ്രതിഷേധം നടത്തുന്നത്. സഭ നിര്‍ത്തി വച്ച് അദാനി വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാവും ഉന്നയിക്കുക.
വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ജില്ലാതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി അറിയിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴില്‍ നിഷ്പക്ഷമായോ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം നടത്തണം എന്നതാണ് മുഖ്യ ആവശ്യം. നിക്ഷേപര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എല്‍.ഐ.സി, എസ്.ബി.ഐ മറ്റ് ബാങ്കുകള്‍ എന്നിവയെ നിര്‍ബന്ധിച്ച് അദാനി ഗ്രൂപ്പില്‍ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് കോണ്‍ഗ്രസിന്റെ മറ്റ് ആവശ്യങ്ങള്‍.
രാജ്യവ്യാപകമായി ജില്ലാതലത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയുമാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുക. പാര്‍ലമെന്റില്‍ ഇതേ വിഷയത്തില്‍ നാളെ കോണ്‍ഗ്രസ് അടിയന്തിര പ്രമേയങ്ങള്‍ക്കും നോട്ടിസ് നല്‍കും.