അബുദബി:സിറിയയിലും തുർക്കിയിലും ഭൂകമ്പം ബാധിച്ചവർക്ക് 100 ദശലക്ഷം യുഎസ് ഡോളർ മൂല്യമുളള മാനുഷിക സഹായം നല്‍കാന്‍ യുഎഇ പ്രസിഡന്‍റ് ഉത്തരവിട്ടു. കൂടാതെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സിറിയയ്ക്ക് 50 ദശലക്ഷം ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സിറിയയിലെയും തുർക്കിയിലെയും ജനങ്ങൾക്ക് സഹായം നൽകുന്നതിനായി “ഗാലന്‍റ് നൈറ്റ് 2” ഓപ്പറേഷൻ ആരംഭിക്കാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് ഓപ്പറേഷൻസ് കമാൻഡിനോട് ഷെയ്ഖ് മുഹമ്മദ് നിർദ്ദേശിച്ചു.ഇരു രാജ്യങ്ങളിലെയും ഭൂകമ്പ ബാധിതരായ ജനങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, അടിയന്തര സഹായം എന്നിവ എത്തിക്കുന്നതിനായി യുഎഇ എയർ ബ്രിഡ്ജ് ഒരുക്കിയിട്ടുണ്ട്.
അബൂദബിയിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം തെക്കൻ തുർക്കിയയിലെ അദാനയിലാണ് എത്തിയത്. യു.എ.ഇ സേന, വിദേശകാര്യ മന്ത്രാലയം, എമിറേറ്റ്സ് റെഡ്ക്രസന്‍റ്, സായിദ് ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.