ദുബായ്: ദുബായ് വിമാനത്താവളത്തിലെ ടെർമിനല്‍ മൂന്നില്‍ പാസ്പോർട്ടുകള്‍ക്ക് പകരം മുഖം സ്കാന്‍ ചെയ്ത് യാത്രാനടപടികള്‍ ലളിതമാക്കുന്നത് ആരംഭിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. 2021 ഫെബ്രുവരിയിലാണ് ഇത്തരത്തില്‍ മുഖം രേഖയാക്കി യാത്ര ചെയ്യാനുളള സൗകര്യം നിലവില്‍ വന്നത്. ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് മുഖവും കണ്ണുകളിലെ ഐറിസും പരിശോധന നടത്തിയാണ് ഇത് സാധ്യമാകുന്നത്.
പാസ്പോർട്ട് ഉള്‍പ്പടെയുളളരേഖകളൊന്നും ഹാജരാക്കാതെ യാത്രാക്കാർക്ക് ഇമിഗ്രേഷന്‍ നടപടികള്‍ പൂർത്തിയാക്കാനാകുമെന്നുളളതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. സ്മാർട് ഗേറ്റിനായി രജിസ്ട്രർ ചെയ്തിട്ടുളള യാത്രാക്കാർക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. സ്മാർട് ഗേറ്റിലെ പച്ചനിറത്തിലേക്ക് യാത്രാക്കാർ നോക്കിയാല്‍ മുഖവും ഐറിസും സ്കാന്‍ ചെയ്താണ് യാത്രാ നടപടികള്‍ പൂർത്തിയാക്കുക.
മുഖം മറയ്ക്കുന്ന വസ്ത്രങ്ങളോ തൊപ്പിയോ മറ്റുവസ്തുക്കളോ പാടില്ലെന്നുളളതാണ് ശ്രദ്ധിക്കേണ്ടത്. സേവനം സൗജന്യമാണ്. സ്വദേശികള്‍ക്കും, ജിസിസി പൗരന്മാർക്കും വിദേശികള്‍ക്കും സേവനം പ്രയോജനപ്പെടുത്താം. എന്നാല്‍ നിശ്ചയദാർഢ്യക്കാർ, വീല്‍ ചെയർ ഉപയോഗിക്കുന്നവർ, കുട്ടികളുമൊത്ത് യാത്ര ചെയ്യുന്ന കുടുംബങ്ങള്‍, 15 വയസില്‍ താഴെയുളളവർ എന്നിവരെല്ലാം ഇമിഗ്രേഷന്‍ കൗണ്ടറിലെത്തി നടപടികള്‍ പൂർത്തിയാക്കണം.