മസ്‌കറ്റ്: പ്രവാസികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട രേഖകള്‍ നിയമപരമാക്കാനുള്ള സമയപരിധി നീട്ടി ഒമാന്‍ തൊഴില്‍ മന്ത്രാലയം. പിഴത്തുക അടയ്ക്കാനും വിസ സംബന്ധിച്ച ഇളവുകള്‍ നേടാനുമായി 2025 ഡിസംബര്‍ 31 വരെരെയാണ് സമയപരിധി നീട്ടിയത്. ഒമാന്‍ പൊലീസും തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ നീക്കം.
രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ താമസ പെര്‍മിറ്റുകള്‍ പുതുക്കാനും ഒമാനില്‍ തന്നെ മറ്റൊരു കമ്പനിയിലേക്ക് തൊഴില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതുമൂലം അവസരം ലഭിക്കും. ബന്ധപ്പെട്ട അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയം പരിശോധിച്ച ശേഷം വ്യക്തികളെ എന്‍ട്രി, ജോലി സംബന്ധമായ റെസിഡന്‍സ് പെര്‍മിറ്റ് തുടങ്ങി എല്ലാ പിഴകളില്‍ നിന്നും ഒഴിവാക്കും.
കൂടാതെ ഒമാനില്‍ നിന്ന് സ്ഥിരമായി മടങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് നോണ്‍ വര്‍ക്ക് വിസ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടാകുന്ന പിഴയില്‍ നിന്ന് ഒഴിവാക്കും. ജോലി സംബന്ധമായ വിസ ഇതില്‍ ഉള്‍പ്പെടില്ല. എല്ലാ വിദേശ പൗരന്മാരും തൊഴിലുടമകളും അന്തിമ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് പൊലീസും തൊഴില്‍ മന്ത്രാലയവും വ്യക്തമാക്കി.