തിരുവനന്തപുരം: പ്രമുഖരെ രംഗത്തിറക്കി തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാന്‍ ബിജെപി. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലെ 67 സ്ഥാനാര്‍ഥികളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു.
മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് പദ്മിനി തോമസ് എന്നിവരാണ് നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ പ്രമുഖര്‍. ശാസ്തമംഗലത്ത് നിന്നാണ് ആര്‍. ശ്രീലേഖ ജനവിധി തേടുന്നത്.
ഏഷ്യന്‍ ഗെയിംസില്‍ രണ്ട് മെഡലുകള്‍ നേടിയ സ്‌പോര്‍ട്‌സ് താരവും മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയത്ത് മത്സരിക്കും.
പാര്‍ട്ടിയില്‍ ഉയര്‍ന്ന തലങ്ങളിലുള്ളവരും പട്ടികയിലുണ്ട്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് കൊടുങ്ങാനൂരിലും ടി.എസ്. അനില്‍ കുമാര്‍ പേരൂര്‍ക്കടയിലും ജനവിധി തേടും.
നേമം: എം.ആര്‍.ഗോപന്‍, വഴുതക്കാട്: ലത ബാലചന്ദ്രന്‍, പേട്ട: പി.അശോക് കുമാര്‍, പട്ടം: അഞ്ജന, കുടപ്പനക്കുന്ന്: ഷീജ. ജെ, കഴക്കൂട്ടം: കഴക്കൂട്ടം അനില്‍, കാര്യവട്ടം: സന്ധ്യറാണി എസ്.എസ് എന്നിവര്‍ മത്സരിക്കും.
കോണ്‍ഗ്രസ് വിട്ടുവന്ന കെ. മഹേശ്വരന്‍ നായര്‍, തമ്പാനൂര്‍ സതീഷ് എന്നിവരും മത്സര രംഗത്തുണ്ട്. സിറ്റിങ് കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗം പേരും ഇത്തവണയും മത്സരിക്കും. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തവണ 35 സീറ്റില്‍ ബിജെപി വിജയിച്ചിരുന്നു.