വാഷിങ്ടൺ: ക്രൈസ്തവ നിലപാടുകളില്‍ ശ്രദ്ധേയനും യു.എസ് വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന ചാർളി കിർക്കിന്റെ വ്യക്തി ജീവിതത്തിലെ ആഴമേറിയ വിശ്വാസത്തെയും സ്നേഹ ബന്ധത്തെയും കുറിച്ച് ഹൃദയസ്പർശിയായ വെളിപ്പെടുത്തലുമായി ഭാര്യ എറിക്ക കിർക്ക്. ചാർളി എപ്പോഴും അണിഞ്ഞിരുന്ന ആ കുരിശു മാലയ്ക്ക് പിന്നിലെ വൈകാരികമായ കഥയാണ് എറിക്ക പങ്കിട്ടത്.
“അദേഹത്തിന് ഞാൻ നൽകിയ ആദ്യ പിറന്നാൾ സമ്മാനം ഈ കുരിശാണ്. പിന്നീടങ്ങോട്ടുള്ള വർഷങ്ങൾക്കിടെ ഞാൻ അതിൽ പലവിധ മെഡലുകൾ ചേർത്തിരുന്നു. മിഖായേൽ മാലാഖയെ ചാർളി ഏറെ സ്നേഹിച്ചിരുന്നു. അതിനാൽ അതു ധരിക്കുമ്പോഴെല്ലാം അത് അദേഹത്തിന് ഒരു കവചമാണെന്ന് തോന്നാറുണ്ടായിരുന്നു,” ചാർളിയുടെ മെഡലുകളും കുരിശു മാലയും കാട്ടിക്കൊണ്ട് എറിക്ക പറഞ്ഞു.
ചാർളി ഒരു കത്തോലിക്കനല്ലായിരുന്നിട്ടും ആ മാലാഖയുടെ രൂപം അദേഹത്തിന് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നതിൻ്റെ തെളിവാണ് മരണ സമയത്തും മിഖായേൽ മാലാഖയുടെ കാശു രൂപം കഴുത്തിൽ ഉണ്ടായിരുന്നു എന്നത്. ഭർത്താവിനോടുള്ള സ്നേഹവും ഓർമ്മയും നിലനിർത്താൻ ഇപ്പോൾ അതേ മെഡലാണ് എറിക്കയും ധരിക്കുന്നത്.