ദുബായ് :എമിറേറ്റില്‍ മൂന്ന് വർഷത്തിനുളളില്‍ പറക്കും ടാക്സികളുടെ സേവനം ലഭ്യമാകുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ടാക്സി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുളള രൂപ രേഖയ്ക്ക് അദ്ദേഹം അംഗീകാരം നല്‍കി. പദ്ധതി പൂർത്തിയാകുന്നതോടെ പറക്കും ടാക്സികളുടെ ശൃംഖലയുള്ള ലോകത്തെ ആദ്യ നഗരമെന്ന പദവി ദുബായ് നേടും.
300 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്ന ചെറുവിമാനത്തിന്‍റെ മാതൃകയിലുളള ടാക്സികളാകും സേവനം നല്‍കുക. പൈലറ്റിന് പുറമെ നാല് യാത്രക്കാർക്ക് ടാക്സിയില്‍ കയറാനാകും. ദുബായ് വിമാനത്താവളത്തിന് സമീപം ഡൗൺടൗൺ ദുബായ്, പാം ജുമൈറ, ദുബായ് മറീന മേഖലകളെ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തില്‍പദ്ധതി നടപ്പിലാവുക. ലോക സർക്കാർ ഉച്ചകോടിയ്ക്ക് മുന്‍പായി നടന്ന ചടങ്ങിലാണ് ദുബായ് ഭരണാധികാരി സ്റ്റേഷന്‍ മാതൃകയ്ക്ക് അംഗീകാരം നല്‍കിയത്.