ചെന്നൈ: എല്‍.ടി.ടി.ഇ (ലിബറേഷന്‍ ടൈഗേഴ്സ് ഒഫ് തമിഴ് ഈഴം) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. വേള്‍ഡ് ഫെഡറേഷന്‍ ഒഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി. നെടുമാരനാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ശ്രീലങ്കയില്‍ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തല്‍ നടത്തുന്നതെന്ന് നെടുമാരന്‍ പറഞ്ഞു.
പ്രഭാകരന്‍ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ അറിവോടെയാണ് ജീവിച്ചിരിപ്പുണ്ടെന്ന വിവരം പുറത്തുവിടുന്നതെന്നും തഞ്ചാവൂരില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹം നിലവില്‍ എവിടെയാണെന്ന് പറയാനാകില്ല. പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്. തമിഴ് ഈഴം സംബന്ധിച്ച പദ്ധതി തക്കസമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നും നെടുമാരന്‍ കൂട്ടിച്ചേര്‍ത്തു.
2009 മെയ് 18 നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന അവകാശപ്പെട്ടത്. മെയ് 19 ന് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ലങ്കന്‍ സേന പുറത്തുവിടുകയും ചെയ്തിരുന്നു. വേലുപ്പിള്ളയുടെ മൃതദേഹം മുന്‍ സഹപ്രവര്‍ത്തകന്‍ മുരളീധരന്‍ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കിയായിരുന്നു ചിത്രങ്ങള്‍ പുറത്ത് വിട്ടത്.