വീണ്ടും മുട്ടുമടക്കി കേന്ദ്രം

വീണ്ടും മുട്ടുമടക്കി കേന്ദ്രം

ന്യൂ ഡൽഹി: കർഷക സമരത്തിന്റെ ശക്തി തിരിച്ചറിഞ്ഞ കേന്ദ്രം അവസാനം കർഷകരുമായി ചർച്ചക്ക് തയ്യാറായി. എന്നാൽ ചര്‍ച്ചയ്ക്കുള്ള കേന്ദ്രസര്‍ക്കാര്‍ ക്ഷണം കര്‍ഷകര്‍ നിരസിച്ചു. അഞ്ഞൂറിലധികം സംഘടനകളില്‍ സര്‍ക്കാര്‍ 32 സംഘടനകളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. രാജ്യത്തെ മുഴുവന്‍ കര്‍ഷക സംഘടനകളെയും ക്ഷണിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. അതുവരെ ചര്‍ച്ചയ്ക്കില്ലെന്ന് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ ഒടുവിൽ മുട്ടുമടക്കി. കര്‍ഷകരുടെ പ്രശ്ന പരിഹാരത്തിനായി കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ ഏകോപന സമിതി അംഗങ്ങളെയും ക്ഷണിച്ചു. കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനത്തിന് പിന്നാലെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

കര്‍ഷക നേതാവായ ബല്‍ജീത് സിംഗ് മഹല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഗ്യാന്‍ സഭയില്‍ വെച്ചാണ് യോഗം ചേരുന്നത്. കര്‍ഷകരുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഉപാധികളൊന്നുമില്ലാതെയാണ് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും അതിനാലാണ് പോകാന്‍ തയ്യാറായതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷക പ്രതിനിധികളായ 32 പേരും മറ്റ് മൂന്ന് പേരുമടക്കം 35 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവര്‍ ചര്‍ച്ചയ്ക്കായി സിംഗു അതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ടു. കേന്ദ്രം വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നറിയിച്ച്‌ പഞ്ചാബ് കിസാന്‍ യൂണിയന്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.എസ് മന്‍സ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന്റെയും കാര്‍ഷിക മന്ത്രി നരേന്ദ്ര തോമറിന്റെയും നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക.

നേരത്തെ ഡിസംബര്‍ മൂന്നിനായിരുന്നു കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചര്‍ച്ച നടത്താമെന്ന് സർക്കാർ സമ്മതിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.