ദുബായ്: ഭക്ഷണം വിതരണം ചെയ്യാന്‍ റോബോട്ടുകളെത്തുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ദുബായ് ഇന്‍റഗ്രേറ്റഡ് ഇക്കണോമിക് സോൺ അതോറിറ്റിയുടെ പങ്കാളിത്തത്തോടെ ദുബായ് സിലിക്കണ്‍ ഓയാസിസിലാണ് തലാബോട്ട്സ് റോബോട്ടുകളുടെ സേവനം ലഭ്യമാകുക. ആദ്യഘട്ടത്തില്‍ സെഡ്രെ വില്ലയിലെ താമസക്കാർക്കാണ് ഭക്ഷണം വിതരണം ചെയ്യാന്‍ മൂന്ന് റോബോട്ടെത്തുക. സെഡ്രെ ഷോപ്പിംഗ് സെന്‍ററിലെ നിശ്ചതി സ്ഥലത്ത് നിന്ന് 3 കിലോമീറ്റർ ചുറ്റളവിൽ താലബോട്ടുകൾ സഞ്ചരിക്കും.
നിർമ്മിത സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റോബോട്ടുകള്‍ പ്രവർത്തിക്കുക. അടുത്തുളള റസ്റ്ററന്‍റില്‍ നിന്ന് വില്ലയിലേക്ക് 15 മിനിറ്റാണ് ഡെലിവറി സമയം. തലാബത്തിന്‍റെ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് റോബോർട്ടിന്‍റെ യാത്ര ട്രാക്ക് ചെയ്യാന്‍ സാധിക്കും. എക്സ്പോ 2020 ദുബായിലാണ് റോബോട്ടുകളെ ആദ്യമായി അവതരിപ്പിച്ചത്.
ഓൺലൈൻ ഫുഡ് ഡെലിവറി, സ്മാർട്ട് മൊബിലിറ്റി എന്നിവയുടെ ഭാവിയിലേക്കുള്ള ഒരു വലിയ കുതിച്ചുചാട്ടമെന്നാണ് തലാബത്ത് യുഎഇയിലെ മാനേജിംഗ് ഡയറക്ടർ തത്യാന റഹൽ തലാബോട്ടുകളെ വിശേഷിപ്പിച്ചത്. പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം വിപുലീകരിക്കാൻ ആർടിഎയ്ക്ക് താൽപ്പര്യമുണ്ടെന്ന് പൊതുഗതാഗത ഏജൻസി ആർടിഎ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ബഹ്‌റോസിയാൻ പറഞ്ഞു.