നികുതി വെട്ടിപ്പ്; ബിബിസിക്കെതിരെ 'ഗുരുതര കണ്ടെത്തലുമായി' ആദായ നികുതി വകുപ്പ്

നികുതി വെട്ടിപ്പ്; ബിബിസിക്കെതിരെ 'ഗുരുതര കണ്ടെത്തലുമായി' ആദായ നികുതി വകുപ്പ്

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പടക്കം ബിബിസിക്കെതിരെ ഗുരുതര കണ്ടെത്തലുമായി ആദായ നികുതി വകുപ്പ്. വിദേശ സ്ഥാപനങ്ങളുമായുള്ള ചില പണമിടപാടുകള്‍ക്ക് നികുതി അടച്ചില്ലെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.

ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ല. ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ മൂന്നുദിവസത്തോളം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം അറിയിച്ചത്.

വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ബിബിസിക്ക് പ്രക്ഷേപണമുണ്ട്. എന്നാല്‍ സ്ഥാപനം കാണിക്കുന്ന ലാഭവും രാജ്യത്തെ പ്രവര്‍ത്തനങ്ങളുടെ സ്‌കെയിലും അനുപാതികമല്ലെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. രേഖകളും കരാറുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിബിസി ഉദ്യോഗസ്ഥര്‍ മനപൂര്‍വം വൈകിപ്പിച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇതുകൂടാതെ ജീവനക്കാരുടെ മൊഴിയും നിര്‍ണായക രേഖകളും കണ്ടെത്തിയതായും ആദായ നികുതി വകുപ്പ് കൂട്ടിച്ചേര്‍ത്തു.
ഇത് സംബന്ധിച്ച് ബിബിസി പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ എത്തിയത്.

ഗുജറാത്ത് കലാപമടക്കം പരാമര്‍ശിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു റെയ്ഡ്. സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.