ന്യൂഡല്‍ഹി: പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ മുന്നോട്ട് വെച്ചതായാണ് വിവരം.
ശശി തരൂരിന്റേതിന് സമാനമായ രീതിയില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കണമെന്നതാണ് പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും ശ്രദ്ധേയമാണ്. പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
വീണ്ടും ഒരു തിരഞ്ഞെടുപ്പെന്നത് വലിയ തോതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്. 25 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് ഈ പ്ലീനറി സമ്മേളനത്തിന്റെ ഹൈലൈറ്റ്. കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന് വരുന്ന നാമനിര്‍ദ്ദേശ രീതി വേണ്ടെന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പ്രിയങ്ക ഗാന്ധി മുന്‍പോട്ട് വച്ചത്.
തിരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്നും ഗാന്ധി കുടുംബത്തിന്റെ പേരില്‍ നോമിനേറ്റ് ചെയ്യപ്പേണ്ടെന്നുമാണ് പ്രിയങ്കയുടെ നിലപാട്. പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കട്ടെയെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.