ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; രാജ്യ തലസ്ഥാനത്ത് ഞായറാഴ്ച്ച പ്രതിഷേധം

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; രാജ്യ തലസ്ഥാനത്ത് ഞായറാഴ്ച്ച പ്രതിഷേധം

ന്യൂഡല്‍ഹി: ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന  അതിക്രമങ്ങള്‍ക്കെതിരെ വിവിധ ക്രൈസ്ത സംഘടനകള്‍ ഞായറാഴ്ച്ച രാജ്യ തലസ്ഥാനത്ത് പ്രതിഷേധിക്കും.

ഡല്‍ഹി ജന്തര്‍മന്ദറില്‍ രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞ് 4.30 വരെയാണ് പ്രതിഷേധം. 79 ക്രൈസ്തവ സംഘടനാ പ്രതിനിധികളും സഭാ മേലധ്യക്ഷന്മാരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.

ഡല്‍ഹി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് രൂപതാ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.

രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല എന്നിവര്‍ക്ക് സംയുക്ത സമര സമിതി നിവേദനം നല്‍കും.

അക്രമങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനങ്ങളില്‍ എസ്‌ഐടി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുക, ആള്‍ക്കൂട്ട ആക്രമണ ഭീഷണി നേരിടുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുക, അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ രാഷ്ട്രീയസാമൂഹിക ഗ്രൂപ്പുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുക, നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.