ന്യൂഡല്‍ഹി: 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആ സര്‍ക്കാരിനെ കോണ്‍ഗ്രസ് നയിക്കും. ഇത് സംബന്ധിച്ച് മറ്റെല്ലാ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുകയാണെന്നും ഖാര്‍ഗെ വ്യക്തമാക്കി.
ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടില്ല. മറ്റുള്ള പാര്‍ട്ടികളെല്ലാം ഒന്നിച്ചാകുകയും അവര്‍ ഭൂരിപക്ഷം നേടുകയും ചെയ്യും. മറിച്ച് സംഭവിച്ചാല്‍ ജനാധിപത്യവും ഭരണഘടനയും ഇല്ലാതെയായിപ്പോകുമെന്നും ഖാര്‍ഗെ പറഞ്ഞു. തിങ്കളാഴ്ച മേഘാലയയിലും നാഗാലാന്‍ഡിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്കെതിരെ ഖാര്‍ഗെ ആഞ്ഞടിച്ചത്.