ന്യൂഡൽഹി: കര്‍ഷക നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളുമായുള്ള കേന്ദ്രത്തിന്റെ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന്. മൂന്ന് നിയമങ്ങളും ഉപാധികള്‍ ഇല്ലാതെ തള്ളിക്കളയണമെന്ന് കഴിഞ്ഞ ദിവസം നല്‍കിയ കത്തില്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11 മണിക്ക് വിജ്ഞാൻ ഭവനില്‍ വെച്ചാണ് യോഗം നടക്കുക. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, റെയില്‍ മന്ത്രി പിയുഷ് ഗോയല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് എതിര്‍പ്പുള്ള വിഷയങ്ങള്‍ എഴുതി അറിയിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുതുതായി പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാനില്ലെന്ന് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു. കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു.