ഗൂഡല്ലൂര്‍: തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴുകന്മാരുടെ സര്‍വേ തുടങ്ങി. ഇരട്ട സെന്‍സസ് ഒഴിവാക്കുന്നതിനാണ് തമിഴ്നാട്, കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ ഒരേസമയം സര്‍വേ നടത്തുന്നത്. സര്‍വേയില്‍ കണ്ടെത്തുന്ന കഴുകന്‍ ഇനങ്ങളെ പത്ത് സ്ഥലങ്ങളുടെ പേരില്‍ തരംതിരിക്കും.
കഴുകന്മാരെ കുറിച്ചുള്ള പഠനങ്ങളില്‍ വിദഗ്ധനായ ഒരാള്‍, ഒരു ഫോറസ്റ്റ് ഓഫീസര്‍, രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍, ഒരു ഫോറസ്റ്റ് റെയ്ഞ്ചര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് സര്‍വേ നടത്തുക. തമിഴ്നാട്ടിലെ നീലഗിരി, ഈറോഡ് ജില്ലകളിലാണ് സര്‍വേ. മുതുമലയില്‍ 35 സ്ഥലങ്ങളില്‍ സര്‍വേ നടത്താനാണ് ഉദ്ദേശിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ നാലുതരം കഴുകന്മാരെ കണ്ടുവരുന്നുണ്ട്. അവ നീലഗിരി ബയോസ്ഫിയര്‍ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മുതുമല കടുവാസങ്കേതത്തിലെ സെഗൂര്‍ പീഠഭൂമിയാണ് വെള്ളക്കഴുത്തുള്ള കഴുകന്റെ ആവാസ കേന്ദ്രം.