ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യുന്നു. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. സിസോദിയയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
ചോദ്യം ചെയ്യലിനെ തുടര്‍ന്ന് സി.ബി.ഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകരെ വൈകാരികമായി അഭിസംബോധന ചെയ്ത സിസോദിയ, തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയും നല്‍കി.
''ഞാന്‍ 7-8 മാസം ജയിലില്‍ കിടക്കും. എന്നെയോര്‍ത്ത് ഖേദിക്കേണ്ടതില്ല. അഭിമാനിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഭയപ്പെടുന്നു. അതിനാല്‍ എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ പോരാടണം. ആദ്യ ദിവസം മുതല്‍ എനിക്കൊപ്പം നില്‍ക്കുന്ന ഭാര്യ സുഖമില്ലാതെ വീട്ടില്‍ തനിച്ചാണ്. അവളെ ശ്രദ്ധിക്കണം. ഡല്‍ഹിയിലെ കുട്ടികളോട് എനിക്ക് പറയാനുള്ളത് നന്നായി പഠിക്കണം, മാതാപിതാക്കളെ ശ്രദ്ധിക്കണം എന്നാണ്''- അദ്ദേഹം പറഞ്ഞു.
ദൈവം നിങ്ങളോടൊപ്പമുണ്ട്. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങളോടൊപ്പമുണ്ട്. രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിങ്ങള്‍ ജയിലില്‍ പോകുമ്പോള്‍ അതൊരു ശാപമല്ല, മഹത്വമാണെന്ന് സിസോദിയയെ പിന്തുണച്ച് കെജരിവാള്‍ ട്വീറ്റ് ചെയ്തു.