ഡെറാഢൂണ്‍: കെട്ടിടങ്ങളില്‍ വിള്ളല്‍ കണ്ടെത്തിയ ജോഷിമഠില്‍ വീണ്ടും ഭൂമിക്കടിയില്‍ നിന്നും വെള്ളം ഒഴുകി വരുന്നത് ആശങ്കയാകുന്നു. ജോഷിമഠിലെ നര്‍സിങ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് നീരുറവ കണ്ടത്.
ഈ വര്‍ഷമാദ്യം ജോഷിമഠിലെ ഭൗമപ്രതിസന്ധി രൂക്ഷമായ സമയത്തും ഇത്തരത്തില്‍ ഭൂമിക്കടിയില്‍ നിന്ന് വെള്ളം കണ്ടെത്തിയിരുന്നു. ഇത് വീണ്ടും സംഭവിച്ചതോടെയാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുയരുന്നത്. ഭൗമശാസ്ത്രജ്ഞര്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഇതിനിടെ ഗുജറാത്തിലെ രാജ്‌കോട്ടില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 3.20 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തി.