ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍; വിമര്‍ശനവുമായി ശശി തരൂര്‍

ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍; വിമര്‍ശനവുമായി ശശി തരൂര്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു. ഗസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റര്‍ സന്തോഷ് ജോണ്‍ (55), ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ ഞായറാഴ്ചയാണ് ഇവരെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ ആളുകളെ മതപരിപരിവര്‍ത്തനം ചെയ്യുന്നുവെന്നായിരുന്നു പരാതി.

അതേസമയം പാസ്റ്ററിന്റെയും ഭാര്യയുടെയും അറസ്റ്റിനെതിരെ ശശി തരൂര്‍ എംപി രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് അപകീര്‍ത്തിയുണ്ടാക്കും. വെറും ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

ജോണിനെയും ഭാര്യയെയും സഹായിക്കുന്ന ക്രിസ്ത്യന്‍ ആക്ടിവിസ്റ്റായ മീനാക്ഷി സിങ് ആരോപണം നിഷേധിച്ചു. പാസ്റ്ററും ഭാര്യയും ഞായറാഴ്ച ശുശ്രൂഷ നടത്തുന്നതിനിടെ ഒരു സംഘം ഗുണ്ടകള്‍ എത്തുകയും സംഘര്‍ഷം സൃഷ്ടിക്കുകയുമായിരുന്നെന്ന് മീനാക്ഷി സിങ് വ്യക്തമാക്കി. മതപരിവര്‍ത്തനം ആരോപിച്ച് ഇവര്‍ പൊലീസിനെ വിളിക്കുകയും പൊലീസെത്തി സ്റ്റേഷനിലേയ്ക്ക് ദമ്പതികളെ കൊണ്ടുപോകുകയുമായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

എന്നാല്‍ ജോണിനെയും ജിജിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാല്‍പ്പത് പേരോളം അടങ്ങുന്ന ജനക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് മീനാക്ഷി സിങ് പറഞ്ഞു. കൂടാതെ ദമ്പതികളുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുമതം സ്വീകരിച്ചാല്‍ രണ്ട് ലക്ഷം രൂപയും വീട് പണിയാന്‍ ഭൂമിയും ദമ്പതികള്‍ വാഗ്ദ്ധാനം ചെയ്തതായി പരാതിയില്‍ പറയുന്നു. 2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒന്നു മുതല്‍ ഏഴ് വര്‍ഷംവരെ ജയിലില്‍ കഴിയേണ്ടിവരും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.