ഉത്തര്‍പ്രദേശില്‍ വന്‍ സ്ഫോടന പരമ്പരയ്ക്ക് പദ്ധതി; ഏഴ് ഐഎസ് ഭീകരര്‍ക്ക് വധശിക്ഷ

 ഉത്തര്‍പ്രദേശില്‍ വന്‍ സ്ഫോടന പരമ്പരയ്ക്ക് പദ്ധതി; ഏഴ് ഐഎസ് ഭീകരര്‍ക്ക് വധശിക്ഷ

ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വന്‍ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ട കേസില്‍ ഏഴ് ഐഎസ് ഭീകരര്‍ക്ക് വധശിക്ഷ. ലക്നൗ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. ഭീകരരില്‍ ഒരാള്‍ക്ക് ജീവപര്യന്തം കഠിനത്തടവും വിധിച്ചു. മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, മുഹമ്മദ് അഹ്സര്‍, ആതിഫ് മുസാഫര്‍, മുഹമ്മദ് ഡാനിഷ്, സയിദ് മീര്‍ ഹുസൈന്‍, റോക്കി എന്ന ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ. മുഹമ്മദ് ആതിഫിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഇവര്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ അടക്കം ചുമത്തി, പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി വിഎസ് ത്രിപാഠിയുടേതാണ് വിധി. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തുകയും സ്ഫോടന വസ്തുക്കള്‍ സംഭരിക്കുകയും ചെയ്തത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും അതിനാല്‍ പ്രതികള്‍ക്ക് നിയമ പ്രകാരമുള്ള പരമാവധി ശിക്ഷ നല്‍കണമെന്നും ജഡ്ജി വിധിന്യായത്തില്‍ വ്യക്തമാക്കി.

2017 മാര്‍ച്ചില്‍ നടന്ന ഭോപ്പാല്‍-ഉജ്ജയിന്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ ആതിഫ് മസാഫര്‍, മുഹമ്മദ് ഡാനിഷ്, സയിദ് മീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. വിചാരണ ഘട്ടത്തിലുള്ള കേസിലെ സൂത്രധാരന്‍ ഫൈസല്‍ അറസ്റ്റിലായതോടെയാണ് ഉത്തര്‍പ്രദേശിലെ സ്ഫോടന പദ്ധതി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് എട്ട് ഭീകരര്‍ പിടിയിലായത്.

കാണ്‍പൂരില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. കാണ്‍പൂര്‍-ഉന്നാവ് റെയില്‍വേ ട്രാക്കില്‍ ബോംബ് സ്ഫോടനത്തിന് പ്രതികള്‍ പദ്ധതിയിട്ടതായി പ്രോസിക്യൂഷന്‍ പറഞ്ഞു. ദസ്റ ആഘോഷത്തിനിടെ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്താനും ഭീകരര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ഉന്നാവിലെ ഗംഗാഘട്ടില്‍ പരീക്ഷണ സ്ഫോടനം നടത്തിയതായും അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.